മുടി കൊഴിച്ചിലോ … വഴിയുണ്ട്(HOME REMODIES FOR HAIR FALL)

മുടി കൊഴിച്ചിലോ … വഴിയുണ്ട്

പരസ്യത്തിലെ സുന്ദരിയുടെത് പോലെ തിളങ്ങുന്ന മുടി സ്വപ്നം കാണാത്ത പെണ്‍കുട്ടികൾ ഉണ്ടോ ? . പക്ഷെ എത്ര കഷ്ടപ്പെട്ടാലും മുടിയ്ക്ക് അതുപോലെ തിളക്കവും ആരോഗ്യവും  കിട്ടില്ലെന്നാണ് പലരുടെയും പരാതി .പ്രശ്നം താരനും മുടി കൊഴിച്ചിലും തന്നെ. പരസ്യത്തിലെ സുന്ദരിയുടെ മുടി പോലെ ആയില്ലെങ്കിലും ചില കാര്യങ്ങളിൽ ശ്രദ്ധ വച്ചാൽ മുടിയുടെ ആരോഗ്യവും അഴകും വീണ്ടെടുക്കാവുന്നതേ  ഉള്ളൂ . ജനിതക കാരണങ്ങൾ മാത്രമല്ല ആരോഗ്യകരമായ ഒരു ഡയറ്റ് ശീലമാക്കാത്തതും മുടിയുടെ വളർച്ചയെ സാരമായി ബാധിയ്ക്കും. നിങ്ങൾ കഴിയ്ക്കുന്ന ആഹാരത്തിൽ നിന്നാണ് മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ലഭിയ്ക്കുന്നതു. കലോറി കൂടിയ ജങ്ക് ഫുഡുകൾ ശീലമാക്കുന്നവരിൽ മുടി കൊഴിയാനും പൊട്ടിപ്പോകാനും ഉള്ള സാധ്യതകൾ ഏറെയാണ്‌ .

പഴങ്ങൾ , പച്ചക്കറികൾ 

മുടിയുടെ ആരോഗ്യത്തിനു ഏറ്റവും ആവശ്യ ഘടകങ്ങൾ ആണ് പഴങ്ങളും പച്ചക്കറികളും . ഭക്ഷണത്തിൽ ഇവ ശീലമാക്കിയാൽ തന്നെ മുടിയുമായി ബന്ധപ്പെട്ട പകുതി പശ്നങ്ങൾ അവസാനിയ്ക്കും . മീൻ വിഭവങ്ങൾ , പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ , ഡാർക്ക്‌ ഗ്രീൻ വെജിറ്റബിൾ  , നട്സ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിയ്ക്കണം . അതുപൊലെ തന്നെ പ്രധാനമാണ് ധാരാളം വെള്ളം കുടിയ്ക്കുന്നതും. നിങ്ങളുടെ മുടിയും തലയോട്ടിയും വരണ്ടിരിയ്ക്കുക ആണെങ്കിൽ ധാരാളം വെള്ളം കുടിയ്ക്കണം എന്നുള്ള ശരീരത്തിന്റെ ഓർമപ്പെടുത്തൽ ആണിത്. ഉണങ്ങി വരണ്ട തലയോട്ടിയ്ക്കും മുടിയ്ക്കുമുള്ള പ്രധാന പ്രതിരോധമാണ് വെള്ളം.

വ്യായാമം

ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെയും സംരക്ഷിയ്ക്കും. വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ മെറ്റബോളിക് തോത് മെച്ചപ്പെടുകയും ശരീരഭാരം നിയന്ത്രിതമാകുകയും ചെയും. ഇത് സ്വാഭാവികമായും മുടിയുടെയും ത്വക്കിന്റെയും ആരോഗ്യത്തിനു ഗുണം ചെയ്യും. മാനസിക സംഘർഷങ്ങളും മുടി കൊഴിച്ചിലിന് കാരണം ആകാറുണ്ട്. കൃത്യമായ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ രക്തയോട്ടം വർദ്ധിയ്ക്കുകയും ഇതുവഴി സ്ട്രെസ് കുറഞ്ഞു അത് മൂലമുള്ള മുടി കൊഴിച്ചിൽ കുറയുകയും ചെയ്യും.

ഓയിൽ മസാജ്

മുടിയുടെ അറ്റം മാസത്തിൽ ഒരിയ്ക്കൽ ട്രിം ചെയുന്നതും ഓയിൽ മസാജ് ചെയുന്നതും മുടി തിളക്കം ഉള്ളതാക്കാൻ സഹായിക്കും . എണ്ണ ചെറുതായി ചൂടാക്കി മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനു നല്ലതാണ് . എന്നാൽ മുടി കൊഴിച്ചിലും താരനും ഉള്ളപ്പോൾ ഹോട്ട് ഓയിൽ മസാജ് പാടില്ല. പകരം കുളിയ്ക്കുന്നതിനു ഒരു മണിയ്ക്കൂർ മുന്നേ എണ്ണ തേച്ചു പിടിപ്പിച്ച ശേഷം പിന്നീട് കഴുകി കളയുന്നതാണ് ഉത്തമം . ഭക്ഷണരീതിയും വ്യായാമ രീതിയും എല്ലാം ശരിയായിട്ടും അനിയന്ത്രിതമായ രീതിയിൽ മുടി കൊഴിയുന്നു എങ്കിൽ ഒരു ഡോക്ടറെ കാണുന്നതാണ് ഉത്തമം. ചിലപ്പോൾ പല അസുഖങ്ങളുടെയും ലക്ഷണം ആകാം ഈ അകാരണമായ മുടി കൊഴിച്ചിൽ.

താരാൻ അകറ്റാം 

എല്ലാ പ്രായക്കാരെയും ഒരു പോലെ അലട്ടുന്ന പ്രശ്നമാണ് താരൻ. തലയോട്ടിയിലെ ഫംഗസ് ബാധയാണ് താരനു പ്രധാനകാരണം. തലയോട്ടി വരണ്ടതാകുന്നതു താരാൻ വളരാൻ സഹായിക്കും. കൃത്രിമമായ  ഉത്പന്നങ്ങളെക്കാൾ പ്രകൃതിദത്തമായ പ്രതിവിധിയാണ് താരനു ഫലപ്രദം. താരനെ അകറ്റാൻ ചില പൊടിക്കൈകൾ ഇതാ.
ദിവസവും നന്നായി മുടി ചീകി വൃത്തിയാക്കണം. തലയോട്ടിയിലെ രക്തയോട്ടം വർദ്ധിച്ചു മുടി വളരാൻ ഇത് സഹായിക്കും. ആഴ്ചയിൽ ഒരിയ്ക്കൽ ഏതെങ്കിലും ഹെർബൽ ഓയിൽ കൊണ്ട് മസാജ് ചെയ്യുന്നതും  മുടിയുടെ ആരോഗ്യത്തിനു ഉത്തമമാണ്. താരാൻ അകലുകയും ചെയ്യും.
രാത്രി ഉറങ്ങുന്നതിനു മുന്നേ ഒലിവ് ഓയിൽ ചെറുതായി ചൂടാക്കി തലയിൽ തേച്ചു പിടിപ്പിയ്ക്കണം. രാവിലെ കുറച്ചു നാരങ്ങാ നീര് കൂടി പുരട്ടി കുളിയ്ക്കുമ്പോൾ പയറു പൊടിയോ താളിയോ ഉപയോഗിച്ച് കഴുകിക്കളയാം.
തുല്യ അളവിൽ വെള്ളവും വിനാഗിരിയും യോജിപ്പിച്ചു തലയിൽ തേച്ചു അര മണിയ്ക്കൂറിന് ശേഷം ഏതെങ്കിലും ഷാമ്പു ഉപയോഗിച്ച് കഴുകി കളയാം.
തേങ്ങാപ്പാലും നാരങ്ങാനീരും യോജിപ്പിച്ച് മസാജ് ചെയ്യുന്നതും താരനെ ശമിപ്പിയ്ക്കും.
മുട്ടയുടെ വെള്ളയും നാരങ്ങാനീരും തലയിൽ തേച്ചു പിടിപ്പിച്ചു അര മണിയ്ക്കൂറിന് ശേഷം കഴുകിക്കളയാം.
ഒരു പിടി ഉലുവ തലേ ദിവസം വെള്ളത്തിൽ ഇടുക. പിറ്റേ ദിവസം ഇത് അരച്ച് പേസ്റ്റാക്കി തലയിൽ തേച്ചു അര മണിയ്ക്കൂറിന് ശേഷം താളി ഉപയോഗിച്ചു കഴുകാവുന്നതാണ് .
തലേ ദിവസത്തെ കഞ്ഞിവെള്ളത്തിൽ പയറുപൊടി ചേർത്തു മുടി കഴുകുന്നതും താരനുള്ള പ്രതിവിധിയാണ് ..

Share on Google Plus

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments:

Post a Comment